ചൊവ്വാഴ്ച

തുടക്കം

തുടക്കം

                               ജീവിതത്തിന്റെ ഇടുങ്ങിയ വഴിയോരങ്ങളില്‍ ജീവിതത്തിലും മനസ്സിലുമുണ്ടാകുന്ന ഭാവത്തെ ( ഭാവ മാറ്റത്തെ ) അക്ഷരങ്ങളില്‍ കുറിച്ചിടാന്‍ തുടങ്ങിയതെന്നാണ്?.. എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തോടെ എന്തൊക്കെയോ  ചെയ്യാന്‍ വേണ്ടി നോട്ടു ബുക്കില്‍ ആരും കാണാതെ പലതും കുറിച്ചിടുമ്പോഴായിരുന്നില്ല അത്. പിന്നീടെപ്പോഴോ ജീവിതത്തിലേക്ക് ആളുമാറി കയറി വന്ന കൊടും വെറുപ്പിനു കാരണം തേടിയലഞ്ഞപ്പോഴും പിന്നീട് മരുക്കാട്ടിനെ പ്രണയിച്ചു തുടങ്ങിയപ്പോഴും, അറിയാതെ പകര്‍ത്തിയ ആ അക്ഷരമാലകളായിരിക്കണം എന്നെ ഇതിലേക്ക് എത്തിച്ചത്. ഭാവനയ്ക്കിപ്പുറം ജീവിതത്തിന്റെ വിവിധ ഭാവങ്ങളെ അക്ഷരങ്ങളിലേക്ക് പകര്‍ത്തുമ്പോള്‍ തന്നിഷ്ടത്തോടെയാണവ അണിനിരക്കുക. അതിനു വൃത്തമോ, പ്രാസമോ, താളമോ, രാഗമോ ചമയ്ക്കാന്‍ എനിക്കാവില്ല എന്നതാണ് കാര്യം. എന്നാല്‍, ക്രമം തെറ്റിയ കുറിയ വരികള്‍ അടുക്കി വെച്ചു അതിനെ കവിതയെന്നു വിളിക്കാന്‍ എനിക്ക് ധൈര്യം തന്നത് ബ്ലോഗു സ്വാതന്ത്ര്യത്തിലെ 'കവിത'യെന്ന ലേബലാണ്. ഞാനെഴുതിയ അക്ഷര ക്രമത്തിന് 'കവിത'എന്ന് ലേബലിട്ടാല്‍ ഒരു കാവ്യ ശിന്കവും വാളെടുക്കാന്‍ വരില്ല എന്നതാണ് ധൈര്യം. അത് കൊണ്ടാണ് ഞാനെന്റെ കവിതയ്ക്ക് - അങ്ങനെ വിളിക്കാമെങ്കില്‍ - ബ്ലോഗു കവിത എന്ന് പേര് ചൊല്ലി വിളിച്ചത്. മുമ്പെ പ്പോഴോക്കെയോ എഴുതിയ ബ്ലോഗു കവിതകളെ ''ഒരു പട്ടത്തിലെന്ന പോലെ'' എന്നാ പേരില്‍ ഒരു പുസ്തക രൂപത്തില്‍ ഞാനിവിടെ അടുക്കി വെക്കുകയാണ്. വായിക്കാനും, വായിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ബ്ലോഗു വായനക്കാര്‍ക്ക് നല്‍കി ക്കൊണ്ട് തന്നെ...

                                                                                                                  ശാഫി കൊയമ്മ  


                                                                                                                 NEXT PAGE